Tuesday 21 January 2014

അര്‍പുതാമ്മാള്‍




അര്‍പുതാമ്മാള്‍






കാലമെത്രയായ് കേഴു,

       മകനെ നിന്നെയോര്‍ത്ത്

കൂരിരുള്‍ കയങ്ങളില്‍

       മരുവൂ നിന്‍റെയമ്മ.




പിറന്നെന്‍ മാറില്‍ ചേര്‍ന്ന-

       ങ്ങണഞ്ഞൂ ശയിക്കവെ

“പേരറിവാള”നെന്നു

       പേരു ഞാന്‍ കാതില്‍ ചൊല്ലി.




സുന്ദര സ്വപ്നങ്ങള്‍ തന്‍

                    ഉത്തുംഗശൃംഗാഗ്രത്തില്‍

നിന്നു ഞാന്‍ കണ്ടൂ നിന്‍റെ

                     ഭാവിതന്‍ വിഭാവന.




നിറകൌതുകത്തോടെ

                  നിന്നുടെയോരോ ജൈത്ര-

യാത്രയിലഭിമാനം

                  പൂണ്ടു ഞാനാഹ്ലാദിക്കെ,



ദുര്‍വിധിയൊരു ദിനം

                   ചുടുകാറ്റായെന്‍ മമ

ജീവിതപ്പൂവാടിയെ

                  ചുട്ടെരിച്ചൊന്നാകെയും.




ശ്രീപെരുംബത്തൂരിങ്കല്‍

                    ചീന്തിയച്ചുടുരക്തം

പാരിനെയൊന്നായാഴ്ത്തി

                     കണ്ണുനീര്‍ കയങ്ങളില്‍.




ഉമ്മറ കോലായില്‍ ഞാന്‍

       തളര്‍ന്നങ്ങിരിക്കവേ

അവരെന്‍ പൊന്നോമലെ

                    കൊണ്ടുപോയ് പുലര്‍കാലെ.





അകന്നൂ പോകുന്നേരം

       തിരിഞ്ഞങ്ങിടയ്ക്കിടെ

ആര്‍ദ്രമാം മിഴികളാല്‍

                  ചൊന്നതെന്തെന്നോമലെ?





കടലിന്നഗാധമാം

     ഗൂഢ സ്പന്ദനം പോലെ,

പറവാനാവാത്ത നിന്‍

     തപ്തചിന്തകളാമോ.




പെറ്റൊരമ്മതന്‍ മുഖം

                           ഹൃത്തിലുണ്ടാമെന്നാലും,

കണ്ണുകള്‍ക്കുണ്ടാമെന്നും

                           കണ്ടിരിക്കാനായ്‌ മോഹം.




എന്‍റെയീ തോരാകണ്ണീര്‍     

        ആരുമേയറിഞ്ഞീല

ആരുമെന്‍ ചിത്തത്തിലെ

         പീഡയുമറിഞ്ഞീല.




വെളിച്ചം ദര്‍ശിക്കാത്ത

               കാരിരുമ്പഴിക്കുള്ളില്‍

മരണം കാത്തെന്‍ മകന്‍

               ദിനങ്ങള്‍ കഴിയവെ,





എത്രയോ പ്രഭുക്കള്‍തന്‍

       വാതിലില്‍ മുട്ടിവിളി-

ച്ചേവരും മുഖം തിരിച്ച-

       മര്‍ഷത്താലെ നിന്നു.




ഓരോരോ വിധിപ്പകര്‍-

       പ്പൊപ്പിട്ടൂ വാങ്ങുമ്പോഴും,

ഏതിലും കണ്ടൂ ഞാനെന്‍

       പൈതലിന്‍ കളേബരം




ച്ചുട്ടുനീറിടും ഹൃത്തിന്‍

     താപത്താല്‍ കരിഞ്ഞുപോയ്

ചെമ്മേറും ചെറുപ്പത്തിന്‍

      മോഹന സങ്കല്‍പ്പങ്ങള്‍.




എങ്കിലുമെന്നോമലെന്‍

      ചാരത്തു വന്നീടുവാന്‍

ഈ വൃദ്ധ ഗേഹം പോലും

      ത്യജിപ്പാനുണ്ടോ ദരം !





ചുടുവേനലില്‍ പല

         ദേശങ്ങള്‍ താണ്ടി-

ത്തളര്‍ന്നെന്നാലും ശമിച്ചില്ലീ

        പോരാട്ടവീര്യം തെല്ലും.




ഒടുവിലൊരു ദിനം

      നീതിതന്‍ കരങ്ങളാല്‍

ബന്ധനസ്ഥനാം നിന്‍റെ

      ചങ്ങലയഴിക്കവെ,




എതിരേല്‍ക്കുവാനെന്‍റെ

       ഉള്‍ക്കാമ്പിന്‍ പൂവാടിയില്‍

ഇത്തിരി വസന്തം ഞാന്‍

       ഇപ്പോഴും സൂക്ഷിക്കുന്നു...

     

               ------------------------------------------