Monday 13 August 2012

അമ്മ


അമ്മ







ഫേസ്ബുക്കില്‍ നിന്നും പല കൈകള്‍  മറിഞ്ഞു, “പങ്കിട്ടു” കിട്ടിയ ഒരു ചിത്രം.. സാമൂഹ്യ ബോധമുള്ള ഏതോ സഹൃദയന്‍ തന്‍റെ ക്യാമറയില്‍ ഒപ്പിയെടുത്ത ഒരമ്മയുടെ സാഹസം. അടികുറിപ്പായി എന്തെങ്കിലും എഴുതണമെന്ന് തോന്നി, .....
പദങ്ങള്‍ കൂട്ടിവച്ച്, മലയാളത്തിലും ഇംഗ്ലീഷിലുമായി ചിട്ടപ്പെടുത്തിയ ഒരു നന്നാലു വരി സാഹസം....  

Sunday 12 August 2012

വിരമിക്കല്‍ (Retirement)

വിരമിക്കല്‍


ഇനിയീമരച്ചോട്ടിലൊന്നിരിക്കട്ടെ ഞാന്‍
പേറുമീ ഭാണ്ടമൊന്നിറക്കി വയ്ക്കുവാന്‍
ഇനിയുമേറെയുണ്ടകലങ്ങള്‍ താണ്ടുവാന്‍
വയ്യ, കഠിനമീ ഭാരം ചുമക്കുവാന്‍

ഏറെയായ്‌, മനസ്സിന്നഗാധങ്ങളില്‍ പ്രേരണ
മുളപൊട്ടി പടര്ന്നങ്ങു പന്തലിചീടിനാന്‍
വേറെയാകണം വഴി, ഇനിയൊരന്ത്യമുണ്ടാകണം
മേനി മറന്നാടിയ നാട്യങ്ങള്‍ക്കൊകെയും

തേടി ഞാന്‍, കണ്ടില്ല പിന്നിട്ട വീഥിയില്‍
തെയ്യവും, തുടികളി, തുള്ളല്‍പ്പദങ്ങളും,
തോരാതെ പെയ്യും തുലാവര്‍ഷ മേഘവും
തുമ്പയും, തെച്ചിയും, തൂശനിലകളും

ജനനങ്ങള്‍ അറിഞ്ഞില്ല, മരണങ്ങള്‍ അറിഞ്ഞില്ല
ജനിച്ചൊരീ മണ്ണിന്‍ മനസ്സുമറിഞ്ഞില്ല
ജീര്‍ണ ജാതകം കൈവിട്ട വഴികളില്‍
ജീവന്‍റെ താളവും, ലയവുമറിഞ്ഞില്ല

സൈറന്‍ വിളികള്‍ക്ക് കാതോര്‍ത്ത പുലരികള്‍
സിരകളില്‍, വൈന്‍ നുരപോന്തുന്ന സന്ധ്യകള്‍
സഹനസീമകള്‍ ലങ്ഘിച്ച യാത്രകള്‍
സന്ധിയില്ലാതുള്ള പോരാട്ട ചിത്രങ്ങള്‍


ചിട്ട വട്ടങ്ങള്‍ തന്‍ ചടുല വേഗങ്ങളെ
തച്ചുടച്ചിന്നു മുക്തനാകട്ടെ ഞാന്‍
അട്ടഹാസങ്ങള്‍ മറന്നിടാം, മനസ്സില്‍
ഗ്രാമഭംഗിതന്‍ ലേപനം പൂശിടാം

ഇനിയീ പുഴകളില്‍ മുങ്ങി കുളിച്ചിടാം
നാലമ്പലങ്ങളില്‍ പ്രദക്ഷിണം വച്ചിടാം
നാട്ടുനന്‍മകള്‍‍ക്കീണം പകര്‍ന്നോരു
കാവ്യശകലങ്ങള്‍  ഏറ്റു ചൊല്ലിടാം

ഇനിയീ മരച്ചോട്ടിലോന്നിരിക്കട്ടെ ഞാന്‍
കനിവോടെ പെയ്യുമീ മഴഗാനം കേള്‍ക്കുവാന്‍
ഇനിയീ നടക്കല്ലില്‍ ഒന്നിരിക്കട്ടെ ഞാന്‍
സോപാന ഗാനത്തിലലിഞ്ഞു ചേരുവാന്‍....

സ്വ.കു:- കവി അല്ലാത്ത ഞാന്‍ എഴുതിയ കവിത. കവികള്‍ പൊറുക്കണം.

സ്വ, സ്വ. കു :- സിരകളില്‍ നുര.....എന്ന വരി പൊതുവായി എഴുതി എന്നേയുള്ളൂ. (ചില സുഹൃത്തുക്കള്‍, " നീ തുടങ്ങിയോ?" എന്ന് ചോദിക്കുന്നു...! )


Tuesday 7 August 2012

നിയോഗം

നിയോഗം

                  കല്യാണ വിരുന്നിനു ഭാര്യയുമൊത്തു പോയപ്പോള്‍
                  ആദ്യമായി ഞാന്‍ ‍അമ്മയെ മറന്നു....
                  അന്ന് ബന്ധുക്കള്‍ ഏറെയുണ്ടായിരുന്നു..
ഉദ്യോഗക്കയറ്റങ്ങള്‍ ആഘോഷങ്ങളായപ്പോള്‍
വീണ്ടും അമ്മയെ മറന്നു
അന്ന് സുഹൃത്തുക്കള്‍ ഏറെയുണ്ടായിരുന്നു
                   മകന്‍റെ കല്യാണം ആര്‍ഭാടമായപ്പോള്‍....
                   അപ്പോഴും, അമ്മയെ മറന്നു
                   അന്ന് നാട്ടുകാര്‍ ഏറെയുണ്ടായിരുന്നു
പിന്നെ.....

ജോലിതേടിപ്പോയ മകന്‍റെ വിളിക്ക് കാതോര്‍ത്ത‍പ്പോള്‍
ഉമ്മറത്തിരുന്നു തളര്‍ന്ന ശബ്ദതില്‍ അമ്മ പറഞ്ഞു...
“സാരമില്ല മക്കളെ...മറന്നതാകും...”
                    മകന്‍റെ ജോലിക്കയറ്റം രാവിനെ പകലാക്കിയപ്പോള്‍
                    കിടക്കയില്‍ കിടന്നു അമ്മ പതിയെ പറഞ്ഞു
                    “സാരമില്ല... കുട്ടികളല്ലേ.....നീ ഇങ്ങോട്ടിരിക്ക്...”
പിന്നെ.....

ജരാനര മൂടിയ ദേഹം പണിപ്പെട്ടു
കട്ടിലില്‍ നിന്നുയര്‍ത്തു‍മ്പോള്‍ വിളിച്ചുപോയി
“ അമ്മേ......”
വിളികേള്‍ക്കാന്‍‍ അമ്മയുണ്ടായിരുന്നില്ല
അന്ന് ആരുമുണ്ടായിരുന്നില്ല..........