Sunday 12 August 2012

വിരമിക്കല്‍ (Retirement)

വിരമിക്കല്‍


ഇനിയീമരച്ചോട്ടിലൊന്നിരിക്കട്ടെ ഞാന്‍
പേറുമീ ഭാണ്ടമൊന്നിറക്കി വയ്ക്കുവാന്‍
ഇനിയുമേറെയുണ്ടകലങ്ങള്‍ താണ്ടുവാന്‍
വയ്യ, കഠിനമീ ഭാരം ചുമക്കുവാന്‍

ഏറെയായ്‌, മനസ്സിന്നഗാധങ്ങളില്‍ പ്രേരണ
മുളപൊട്ടി പടര്ന്നങ്ങു പന്തലിചീടിനാന്‍
വേറെയാകണം വഴി, ഇനിയൊരന്ത്യമുണ്ടാകണം
മേനി മറന്നാടിയ നാട്യങ്ങള്‍ക്കൊകെയും

തേടി ഞാന്‍, കണ്ടില്ല പിന്നിട്ട വീഥിയില്‍
തെയ്യവും, തുടികളി, തുള്ളല്‍പ്പദങ്ങളും,
തോരാതെ പെയ്യും തുലാവര്‍ഷ മേഘവും
തുമ്പയും, തെച്ചിയും, തൂശനിലകളും

ജനനങ്ങള്‍ അറിഞ്ഞില്ല, മരണങ്ങള്‍ അറിഞ്ഞില്ല
ജനിച്ചൊരീ മണ്ണിന്‍ മനസ്സുമറിഞ്ഞില്ല
ജീര്‍ണ ജാതകം കൈവിട്ട വഴികളില്‍
ജീവന്‍റെ താളവും, ലയവുമറിഞ്ഞില്ല

സൈറന്‍ വിളികള്‍ക്ക് കാതോര്‍ത്ത പുലരികള്‍
സിരകളില്‍, വൈന്‍ നുരപോന്തുന്ന സന്ധ്യകള്‍
സഹനസീമകള്‍ ലങ്ഘിച്ച യാത്രകള്‍
സന്ധിയില്ലാതുള്ള പോരാട്ട ചിത്രങ്ങള്‍


ചിട്ട വട്ടങ്ങള്‍ തന്‍ ചടുല വേഗങ്ങളെ
തച്ചുടച്ചിന്നു മുക്തനാകട്ടെ ഞാന്‍
അട്ടഹാസങ്ങള്‍ മറന്നിടാം, മനസ്സില്‍
ഗ്രാമഭംഗിതന്‍ ലേപനം പൂശിടാം

ഇനിയീ പുഴകളില്‍ മുങ്ങി കുളിച്ചിടാം
നാലമ്പലങ്ങളില്‍ പ്രദക്ഷിണം വച്ചിടാം
നാട്ടുനന്‍മകള്‍‍ക്കീണം പകര്‍ന്നോരു
കാവ്യശകലങ്ങള്‍  ഏറ്റു ചൊല്ലിടാം

ഇനിയീ മരച്ചോട്ടിലോന്നിരിക്കട്ടെ ഞാന്‍
കനിവോടെ പെയ്യുമീ മഴഗാനം കേള്‍ക്കുവാന്‍
ഇനിയീ നടക്കല്ലില്‍ ഒന്നിരിക്കട്ടെ ഞാന്‍
സോപാന ഗാനത്തിലലിഞ്ഞു ചേരുവാന്‍....

സ്വ.കു:- കവി അല്ലാത്ത ഞാന്‍ എഴുതിയ കവിത. കവികള്‍ പൊറുക്കണം.

സ്വ, സ്വ. കു :- സിരകളില്‍ നുര.....എന്ന വരി പൊതുവായി എഴുതി എന്നേയുള്ളൂ. (ചില സുഹൃത്തുക്കള്‍, " നീ തുടങ്ങിയോ?" എന്ന് ചോദിക്കുന്നു...! )


4 comments:

  1. I Don't think it is written by a person who is not a poet. It is Excellent...( Thenmavi Kompath enna movieyil Venuchetten Sreenivasanodu parayunna oru Dialoge .. "ETHATHRA CHERIYA BUDHIYONNUM ALLALLODA....) Athupole, This one is really awesome.

    ReplyDelete
    Replies
    1. ഒരുപാടു നന്ദി മനോജ്‌ സാര്‍, അഭിപ്രായത്തിനു. കവിത എഴുതാന്‍ പറ്റുമെന്ന് ഇപ്പോഴും വിശ്വാസമില്ല, എന്നാലും പ്രോത്സാഹനത്തിന് നന്ദി. ഇനിയും കമന്റുകള്‍ പ്രതിക്ഷിക്കുന്നു.

      Delete
  2. Varikal lalitham, sundaram.varanirikkunna yathrayude pratheekshakal ,nashtapetta dinangal thirichu pidikkanulla aagraham ,ellam nannayi kavithayil prathiphalichirikkunnu.iniyum ezhuthumennu pratheekshayode....

    ReplyDelete
    Replies
    1. അഭിപ്രായത്തിന് വളരെ നന്ദി Manju,....നഷ്ടപെട്ടതൊന്നും തിരിച്ചു പിടിക്കാമെന്ന ആശയില്ല. എന്തെങ്കിലും എത്തിപ്പിടിക്കണമെന്നു ആഗ്രഹവുമില്ല. സാഹചര്യങ്ങള്‍ തടയിട്ട ചില കടമകള്‍ ഉണ്ട്, അത് നിറവേറുമെന്ന പ്രതീക്ഷ മാത്രം....ഇനിയും പ്രോത്സാഹനങ്ങള്‍ പ്രതീക്ഷിക്കുന്നു....

      Delete