Thursday 27 December 2012






 
“ ഇരുമുടിയേറ്റി പെരുമല കയറി
 ശ്രീ ശബരീശാ  നിന്നെ വണങ്ങാന്‍
 ഏവം  തീഷ്ണം  മനമെന്നാലും
 കൊതി തീര്‍ന്നില്ലെന്‍ പാദങ്ങള്‍ക്കീ
 പൊന്നും പതിനെട്ടാംപടി കയറി....”




‘’ ചുവന്ന ഇടനാഴിയില്‍ ’’
കോടമഞ്ഞിന്‍റെ വെളുത്ത പ്രഭാതം...

മനസ്സില്‍ ഓര്‍മകളുടെ കുളിര്‍പ്പൂക്കാലം... 




“ചുവന്ന ഇടനാഴിയില്‍” ഇരുട്ട് വീണാല്‍ പിന്നെ വല്ലാത്തൊരു
നിശബ്ദതയാണ്. ചുറ്റുമുള്ള ഘോര വനപ്രദേശത്തെ
മേലാടയണിയിച്ച് കോടമഞ്ഞും ഉറക്കമാകുംപോള്‍ രാവിനു
വെള്ളപുതച്ച ഒരു മൃതശരീരത്തിന്റെ ശാന്തഭാവം
കൈവരും. കിടപ്പുമുറിയിലെ ഇത്തിരിവെട്ടവും കെടുത്തി
നീവാര്‍” വരിഞ്ഞ കട്ടിലിലേക്ക് വീഴുമ്പോള്‍ കൈയില്‍
ഒരു മൊബൈല്‍ഫോണ്‍ കൂട്ടിനുണ്ടാകും. അതില്‍നിന്ന്
കാതിലേക്ക് അരിച്ചിറങ്ങുന്ന ഒരു പഴയ മലയാള ഗാനം
എന്റെ കണ്ണുകളില്‍ ഒരു നനുത്ത നൊമ്പരത്തിന്റെ ഈറന്‍
പടര്‍ത്തും. ഒരു താരാട്ടുപാട്ടു പോലെ എന്നെ ഉറക്കത്തിലേക്കു
കൂട്ടികൊണ്ട്‌ പോകുന്ന, “നാളികേരത്തിന്റെ
നാട്ടിലെനിക്കൊരു നാഴിയിടങ്ങഴി മണ്ണുണ്ട്“
എന്ന ഈ ഗാനം എന്റെമാത്രമല്ല, ഓരോ മലയാളി
സൈനികന്‍റെയും നൊമ്പരമാണ്.... അവന്റെ സുകൃതവും.... 
  

മാന്യരേ,
     കാച്ചാണി നടുവിളാകത്ത് ആനനിരങ്ങിയ വീട്ടില്‍ കഴിഞ്ഞ പതിമൂന്ന് വര്‍ഷമായി ആണ്ടുതോറും നടത്തിവരുന്ന വിവാഹമഹോത്സവം ഈ വര്‍ഷവും ഡിസംബര്‍ മാസം
പതിനാലാം തീയതി പകല്‍ പത്തര മണിക്ക് വധൂഗൃഹത്തില്‍ വച്ച് പൂര്‍വാധികം ഭംഗിയായി നടത്താന്‍ നിശ്ചയിച്ചിട്ടുള്ളതിനാല്‍ തങ്ങളുടെ മഹനീയ സാനിദ്ധ്യം സാദരം  ക്ഷണിച്ചുകൊള്ളുന്നു.                                    
വധു  പൊന്നുതങ്കി                                          വിധേയന്‍ 
വരന്‍ :-ശങ്കുണ്ണിപിള്ള                                     പാച്ചുപിള്ള
                                                            ശു

Tuesday 27 November 2012






അനാഥന്‍


കുഞ്ഞേ ഉറങ്ങുക....
ഇന്നീയിളംതിരി വെട്ടത്തില്‍
ഈ തണുത്ത തറയില്‍, നീ കോറിയിട്ട
നിന്നമ്മതന്‍ ചൂടേറ്റുറങ്ങുക...
കാതില്‍ താരാട്ടു കേള്‍ക്കാം, നിനക്ക് നിന്‍
കണ്‍കളില്‍ അമ്മതന്‍ സ്മേരവും കണ്ടിടാം
കവിളില്‍ ചുടുചുംബനപ്പുക്കളറിഞ്ഞിടാം
ചുണ്ടില്‍ മുലപ്പാല്‍മധുരം നുകര്‍ന്നിടാം
എങ്കിലും......................
ഒരിക്കലും....................,
കരയരുത് മകനേ...നിന്നമ്മതന്‍
കരങ്ങള്‍ക്കതാവില്ല നിന്‍ കണ്ണീര്‍ തുടച്ചിടാന്‍ .....!


അമ്മേ പൊറുക്കുക


കല്ലാറിനക്കരെ കാനനവീഥിയില്‍
കാണാം മനോജ്ഞമാം വഴ്വാന്‍തോല്‍
നീര്‍തധരി
കാണാന്‍ പുറപ്പെട്ടു കാലേ കഴിഞ്ഞനാള്‍
ആമോദത്തോടെ ഞാന്‍ സകുടുംബം
കാനനം വേഗേന താണ്ടി
മുന്നേറവേ കാണിയൊരു പഥികന്‍
പറഞ്ഞു കട്ടായമീ വഴികളില്‍ കാട്ടാനശല്യമുണ്ട്....
കുടുംബത്തിന്‍ നാഥനിവന്‍ ചിലകാര്യങ്ങള്‍
ചൊല്ലാമിതേവരും ശ്രദ്ധിക്കണം
കടിഞ്ഞൂല്‍ കിടാവിനെ ഞാനെടുക്കും
തോളിലേറ്റിടേണം ഭാര്യ രണ്ടാമനെ
കൂട്ടത്തില്‍ സോദരിയവള്‍ക്കൊരുമകള്‍
കൂട്ടണം നീയവളെ നിന്റെയൊപ്പം
പാറപ്പുറത്തോടിയേറണം സത്വരം
കാലതാമസം കാലപുരിയെന്നത്തോര്‍ക്കണം
ഭംഗിയായി കാര്യങ്ങള്‍ ചൊല്ലി പിന്‍മാറവേ
പിന്നിലായ്‌ കേട്ടുഞാന്‍ ഒരു വൃദ്ധ നിസ്വനം
“കേറിടാനാവില്ല പാറമേല്‍ മക്കളേ
കാട്ടാന വന്നാലെന്തു ചെയ്യേണ്ടു ഞാന്‍ ...”
കരളില്‍ കനലായ് പതിഞ്ഞൊരാ വാക്കുകള്‍
കേണുകേള്‍ക്കുന്നു ഞാനമ്മേ പൊറുക്കണം

Monday 13 August 2012

അമ്മ


അമ്മ







ഫേസ്ബുക്കില്‍ നിന്നും പല കൈകള്‍  മറിഞ്ഞു, “പങ്കിട്ടു” കിട്ടിയ ഒരു ചിത്രം.. സാമൂഹ്യ ബോധമുള്ള ഏതോ സഹൃദയന്‍ തന്‍റെ ക്യാമറയില്‍ ഒപ്പിയെടുത്ത ഒരമ്മയുടെ സാഹസം. അടികുറിപ്പായി എന്തെങ്കിലും എഴുതണമെന്ന് തോന്നി, .....
പദങ്ങള്‍ കൂട്ടിവച്ച്, മലയാളത്തിലും ഇംഗ്ലീഷിലുമായി ചിട്ടപ്പെടുത്തിയ ഒരു നന്നാലു വരി സാഹസം....  

Sunday 12 August 2012

വിരമിക്കല്‍ (Retirement)

വിരമിക്കല്‍


ഇനിയീമരച്ചോട്ടിലൊന്നിരിക്കട്ടെ ഞാന്‍
പേറുമീ ഭാണ്ടമൊന്നിറക്കി വയ്ക്കുവാന്‍
ഇനിയുമേറെയുണ്ടകലങ്ങള്‍ താണ്ടുവാന്‍
വയ്യ, കഠിനമീ ഭാരം ചുമക്കുവാന്‍

ഏറെയായ്‌, മനസ്സിന്നഗാധങ്ങളില്‍ പ്രേരണ
മുളപൊട്ടി പടര്ന്നങ്ങു പന്തലിചീടിനാന്‍
വേറെയാകണം വഴി, ഇനിയൊരന്ത്യമുണ്ടാകണം
മേനി മറന്നാടിയ നാട്യങ്ങള്‍ക്കൊകെയും

തേടി ഞാന്‍, കണ്ടില്ല പിന്നിട്ട വീഥിയില്‍
തെയ്യവും, തുടികളി, തുള്ളല്‍പ്പദങ്ങളും,
തോരാതെ പെയ്യും തുലാവര്‍ഷ മേഘവും
തുമ്പയും, തെച്ചിയും, തൂശനിലകളും

ജനനങ്ങള്‍ അറിഞ്ഞില്ല, മരണങ്ങള്‍ അറിഞ്ഞില്ല
ജനിച്ചൊരീ മണ്ണിന്‍ മനസ്സുമറിഞ്ഞില്ല
ജീര്‍ണ ജാതകം കൈവിട്ട വഴികളില്‍
ജീവന്‍റെ താളവും, ലയവുമറിഞ്ഞില്ല

സൈറന്‍ വിളികള്‍ക്ക് കാതോര്‍ത്ത പുലരികള്‍
സിരകളില്‍, വൈന്‍ നുരപോന്തുന്ന സന്ധ്യകള്‍
സഹനസീമകള്‍ ലങ്ഘിച്ച യാത്രകള്‍
സന്ധിയില്ലാതുള്ള പോരാട്ട ചിത്രങ്ങള്‍


ചിട്ട വട്ടങ്ങള്‍ തന്‍ ചടുല വേഗങ്ങളെ
തച്ചുടച്ചിന്നു മുക്തനാകട്ടെ ഞാന്‍
അട്ടഹാസങ്ങള്‍ മറന്നിടാം, മനസ്സില്‍
ഗ്രാമഭംഗിതന്‍ ലേപനം പൂശിടാം

ഇനിയീ പുഴകളില്‍ മുങ്ങി കുളിച്ചിടാം
നാലമ്പലങ്ങളില്‍ പ്രദക്ഷിണം വച്ചിടാം
നാട്ടുനന്‍മകള്‍‍ക്കീണം പകര്‍ന്നോരു
കാവ്യശകലങ്ങള്‍  ഏറ്റു ചൊല്ലിടാം

ഇനിയീ മരച്ചോട്ടിലോന്നിരിക്കട്ടെ ഞാന്‍
കനിവോടെ പെയ്യുമീ മഴഗാനം കേള്‍ക്കുവാന്‍
ഇനിയീ നടക്കല്ലില്‍ ഒന്നിരിക്കട്ടെ ഞാന്‍
സോപാന ഗാനത്തിലലിഞ്ഞു ചേരുവാന്‍....

സ്വ.കു:- കവി അല്ലാത്ത ഞാന്‍ എഴുതിയ കവിത. കവികള്‍ പൊറുക്കണം.

സ്വ, സ്വ. കു :- സിരകളില്‍ നുര.....എന്ന വരി പൊതുവായി എഴുതി എന്നേയുള്ളൂ. (ചില സുഹൃത്തുക്കള്‍, " നീ തുടങ്ങിയോ?" എന്ന് ചോദിക്കുന്നു...! )


Tuesday 7 August 2012

നിയോഗം

നിയോഗം

                  കല്യാണ വിരുന്നിനു ഭാര്യയുമൊത്തു പോയപ്പോള്‍
                  ആദ്യമായി ഞാന്‍ ‍അമ്മയെ മറന്നു....
                  അന്ന് ബന്ധുക്കള്‍ ഏറെയുണ്ടായിരുന്നു..
ഉദ്യോഗക്കയറ്റങ്ങള്‍ ആഘോഷങ്ങളായപ്പോള്‍
വീണ്ടും അമ്മയെ മറന്നു
അന്ന് സുഹൃത്തുക്കള്‍ ഏറെയുണ്ടായിരുന്നു
                   മകന്‍റെ കല്യാണം ആര്‍ഭാടമായപ്പോള്‍....
                   അപ്പോഴും, അമ്മയെ മറന്നു
                   അന്ന് നാട്ടുകാര്‍ ഏറെയുണ്ടായിരുന്നു
പിന്നെ.....

ജോലിതേടിപ്പോയ മകന്‍റെ വിളിക്ക് കാതോര്‍ത്ത‍പ്പോള്‍
ഉമ്മറത്തിരുന്നു തളര്‍ന്ന ശബ്ദതില്‍ അമ്മ പറഞ്ഞു...
“സാരമില്ല മക്കളെ...മറന്നതാകും...”
                    മകന്‍റെ ജോലിക്കയറ്റം രാവിനെ പകലാക്കിയപ്പോള്‍
                    കിടക്കയില്‍ കിടന്നു അമ്മ പതിയെ പറഞ്ഞു
                    “സാരമില്ല... കുട്ടികളല്ലേ.....നീ ഇങ്ങോട്ടിരിക്ക്...”
പിന്നെ.....

ജരാനര മൂടിയ ദേഹം പണിപ്പെട്ടു
കട്ടിലില്‍ നിന്നുയര്‍ത്തു‍മ്പോള്‍ വിളിച്ചുപോയി
“ അമ്മേ......”
വിളികേള്‍ക്കാന്‍‍ അമ്മയുണ്ടായിരുന്നില്ല
അന്ന് ആരുമുണ്ടായിരുന്നില്ല..........